Sunday, 10 February 2013


എം.പി വീരേന്ദ്രകുമാര്‍ / അന്‍വര്‍സ്വാദിഖ്‌
`1992 ഡിസംബര്‍ 6 ഇന്ത്യാചരിത്രത്തിലെ എന്നല്ല ലോക ചരിത്രത്തിലെ തന്നെ ശപിക്കപ്പെട്ട, ഇരുണ്ട ദിനമാണ്‌ - അപമാനമേറ്റ ഭാരതീയന്‌ ലോകത്തിനു മുമ്പില്‍ ലജ്ജിച്ചു തലതാഴ്‌ത്തേണ്ടിവന്ന - ദുര്‍ദിനം'. താങ്കളുടെ ഏറ്റവും ശ്രദ്ധേയമായ രാമന്റെ ദു:ഖം എന്ന പുസ്‌തകത്തില്‍ പരാമര്‍ശിക്കപ്പെട്ട ആ ദുര്‍ദിനത്തിനിപ്പോള്‍ രണ്ടുദശകം തികയുകയാണല്ലോ. ഈ രണ്ടുപതിറ്റാണ്ടിനിടയില്‍ ഇന്ത്യയുടെ മതേതരാന്തരീക്ഷത്തില്‍ സംഭവിച്ച മാറ്റങ്ങളെന്തൊക്കെയാണ്‌?


ബാബരി മസ്‌ജിദിന്റെ തകര്‍ച്ച പോസിറ്റീവും നെഗറ്റീവുമായ ഒരുപാട്‌ മാറ്റങ്ങള്‍ രാജ്യത്തുണ്ടാക്കിയിട്ടണ്ട്‌. ഓരോവിഭാഗത്തിലും സ്വന്തമായ ഒരു ഐഡന്റിറ്റിക്കു വേണ്ടിയുള്ള ശ്രമങ്ങളുണ്ടായി എന്നതാണ്‌ അതില്‍ പ്രധാനം. മുമ്പ്‌ അങ്ങനെയുണ്ടായിരുന്നില്ല. പരസ്‌പരം കൂടികലര്‍ന്ന ഒരു അവസ്ഥയായിരുന്നു അന്ന്‌. അതില്‍ നിന്നു മാറി ഹിന്ദുക്കളും മുസ്‌ലിംകളുമെല്ലാം ഓരോ ഐഡന്റിറ്റിയിലേക്ക്‌ മാറുന്ന സാഹചര്യം സൃഷ്‌ടിച്ചത്‌ ബാബറി മസ്‌ജിദിന്റെ തകര്‍ച്ചയോടെ ശക്തിപ്രാപിച്ച ഹിന്ദുത്വ തീവ്രവാദമാണ്‌. അതില്‍ അരക്ഷിതാവസ്ഥ അനുഭവപ്പെട്ട മുസ്‌ലിംകളും ഒരു ഐഡന്റിറ്റിലേക്ക്‌ പോവുകയായിരുന്നു. പക്ഷേ, ഇവിടെ ആശ്വാസ കരമായമായ മറ്റൊരു കാര്യം കൂടിയുണ്ട്‌. ഹിന്ദുമതത്തിന്റെ പേരില്‍ ഇത്രയൊക്കെ കളിച്ചിട്ടും മഹാഭൂരിപക്ഷം ഹൈന്ദവരെയും സ്വാധീനിക്കാന്‍ ഹിന്ദുത്വ തീവ്രവാദത്തിനായിട്ടില്ല. അതൊരു പ്ലസ്‌ പോയിന്റാണ്‌. ബാബരി മസ്‌ജിദ്‌ തകര്‍ത്തവരോടൊപ്പമല്ല ഇന്ത്യയിലെ മഹാഭൂരിപക്ഷം ഹിന്ദുക്കളും എന്നാണതിനര്‍ത്ഥം.

ഉല്‍പതിഷ്‌ണുക്കളും യാഥാസ്ഥിതികരും തമ്മിലുള്ള പോരാട്ടം ഇന്ത്യയുടെ ചരിത്രത്തില്‍ എന്നുമുണ്ടായിട്ടുണ്ട്‌. ഉദാഹരണത്തിന്‌ ഇന്ത്യാ-പാക്‌ വിഭജനം. അതിനുത്തരവാദികള്‍ മുസ്‌ലിം ലീഗ്‌ മാത്രമല്ല. ഹിന്ദുക്കളും മുസ്‌ലിംകളും രണ്ട്‌ സമൂഹവും അതുകൊണ്ട്‌ രണ്ട്‌ രാഷ്‌ട്രവുമാണെന്ന്‌ ആദ്യം പറഞ്ഞത്‌ ഹിന്ദുമഹാസഭയാണ്‌. വിഭജനത്തിന്റെ ഉത്തരവാദി ജിന്നയും ലീഗുമാണെന്നു ചിലര്‍ പറയാറുണ്ട്‌. അത്‌ ശരിയല്ല. രണ്ട്‌ രാഷ്‌ട്രമാണെന്നു ആദ്യം വാദിച്ച ഹിന്ദുമഹാ സഭക്കാണ്‌ അതിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വം. അതിന്റെ പ്രതികരണമാണ്‌ പിന്നീട്‌ ജിന്നയില്‍ നിന്നുണ്ടായത്‌. അതോടെ വിഭജന വിഷയത്തില്‍ രണ്ടുമതവിഭാഗങ്ങളിലെയും യാഥാസ്ഥിതികര്‍ ജയിക്കുകയും ഉല്‍പതിഷ്‌ണുക്കള്‍ പരാജയപ്പെടുകയുമായിരുന്നു. ഗാന്ധിജിയും മൗലാനാ ആസാദുമൊക്കെ തോല്‍ക്കുകയും ജിന്നയും ഗോള്‍വാള്‍ക്കറും ജയിക്കുകയും ചെയ്‌തു.

ബാബറി മസ്‌ജിദ്‌ പ്രശ്‌നം ഒരിക്കലും ഒരു കമ്യൂണല്‍ ഇഷ്യു ആകാന്‍ പാടില്ലായിരുന്നു. ഏതൊരു ആരാധനാലയവും തകര്‍ക്കുന്നത്‌ തെറ്റാണെന്ന്‌ എല്ലാവരും അംഗീകരിക്കുന്നു. ആരുടെ പള്ളിയാണെന്നും അമ്പലമാണെന്നും നോക്കിയിട്ടല്ല അത്‌. ബാബറി മസ്‌ജിദ്‌ തകര്‍ത്തത്‌ ഹൈന്ദവരിലെ ചിലരുടെ വികാര പ്രകടനം മാത്രമായി കണ്ടുകൂടാ. അയോധ്യക്കാര്‍ യഥാര്‍ത്ഥത്തില്‍ ആ വിഷയത്തില്‍ നിരപരാധികളാണ്‌. ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ പ്രകടിത ഭാവങ്ങളെല്ലാം ഒത്തുകൂടിയ ഒരു സ്ഥലമാണ്‌ വാസ്‌തവത്തില്‍ അയോധ്യ. അതിനെയാണ്‌ രണ്ട്‌ സമുദായങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പിന്റെ പ്രതീകമായി ചിത്രീകരിക്കപ്പെടുന്നത്‌. അയോധ്യയില്‍ ഇന്നോളം ഒരു ബി.ജെ.പി സ്ഥാനാര്‍ഥി വിജയിച്ചിട്ടില്ലല്ലോ. കുറച്ചുമുമ്പ്‌ ഞാനവിടെ പോയിരുന്നു. വര്‍ഗീയ വികാരം അവിടെ നിറഞ്ഞു നില്‍ക്കുന്നതായി തോന്നിയിട്ടില്ല. അവിടങ്ങളിലെ പല ക്ഷേത്രങ്ങളിലും പൂക്കള്‍ വില്‍ക്കുന്നത്‌ മുസ്‌ലിം സ്‌ത്രീകളാണ്‌. തുളസീദാസിന്റെ രാമചരിതമാനസമാണ്‌ അവിടെ എല്ലാവരും വായിക്കാറുള്ളത്‌. അദ്ദേഹത്തിനു ജാതിഭ്രഷ്‌ട്‌ കല്‍പ്പിച്ചതും വഴിനടക്കാന്‍ അനുവദിക്കാതിരുന്നതും അന്നം കൊടുക്കാതെ കഷ്‌ടപ്പെടുത്തയതും ഹിന്ദുക്കളിലെ ജാതീയതയാണ്‌. അന്ന്‌ അദ്ദേഹത്തിനു ഭക്ഷണം കൊടുക്കാനും മറ്റും ഉണ്ടായിരുന്നത്‌ മുസ്‌ലിംകളായിരുന്നു. അതിന്റെ തുടര്‍ച്ചയിലാണ്‌ ഇന്നും അയോധ്യ.

ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പേരുപറഞ്ഞു ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വേട്ടയാടുന്ന പ്രവണത ശക്തിപ്രാപിച്ചത്‌ കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കിടയിലാണ്‌?


എന്തെങ്കിലും ഒരു സംഭവമുണ്ടാകുമ്പോഴേക്ക്‌ അതിനു പിന്നില്‍ മുസ്‌ലിംകളാണെന്ന്‌ ആരോപിച്ചു അവരെ വേട്ടയാടുന്ന കാഴ്‌ച ഇപ്പോള്‍ വ്യാപകമാണ്‌. യഥാര്‍ത്ഥത്തില്‍ തീവ്രവാദത്തിന്‌ ഇസ്‌ലാമെന്നോ ഹിന്ദുവെന്നോ ഇല്ല. ആരു ഭീകരപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിതിരിച്ചാലും അവന്‍ ഭീകരവാദിയാണ്‌. അതിനെ ഒരു പ്രത്യേക മതവുമായി കൂട്ടിക്കെട്ടേണ്ടതില്ല. ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരില്‍ എല്ലാ മതാനുയായികളെയും കാണാം. ഉദാഹരണത്തിനു ശ്രീലങ്ക. അവിടെ തമിഴരും ബൗദ്ധരും തമ്മിലാണ്‌ പോരാട്ടം. അതിനെ ആരും ഹൈന്ദവ ഭീകരതയെന്നോ ബൗദ്ധ ഭീകരതയെന്നോ വിളിക്കാറില്ല. അയര്‍ലന്റില്‍ കൃസ്‌ത്യാനികള്‍ തമ്മിലാണ്‌. ഇസ്‌ലാം ഭീകരത എന്ന വാക്കുതന്നെ അമേരിക്കന്‍ സൃഷ്‌ടിയാണ്‌. ഇറാഖില്‍ അമേരിക്കയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ തദ്ദേശീയര്‍ ഇറങ്ങിയപ്പോള്‍ അവരെയാണ്‌ അമേരിക്കക്കാര്‍ ഭീകരര്‍ എന്നു വിളിച്ചത്‌. അക്രമി ലിബറേറ്ററും ഇര ഭീകരനും! ലോക ചരിത്രം അങ്ങനെയെല്ലാം മാറിയാല്‍ അതിനെ എങ്ങനെ ന്യായീകരിക്കാനാകും?

ഭീകരതയെ ഏതെങ്കിലും ഒരു വിഭാഗത്തോട്‌ ചേര്‍ത്തു പറയുകയാണെങ്കില്‍ ഇസ്രയോലി ഭീകരത എന്നു പറയുന്നതാകും നന്നാവുക. ഇപ്പോള്‍ ഗസ്സയില്‍ അവര്‍ നടത്തുന്നത്‌ എല്ലാവരും കാണുന്നുണ്ടല്ലോ. ഫലസ്‌തീന്‍ എന്നും ജൂതന്മാര്‍ക്ക്‌ അഭയം നല്‍കിയ നാടാണ്‌. അമേരിക്കയും ഇസ്രയേലുമൊക്കെ ചേര്‍ന്ന്‌ അഭയം നല്‍കിയവരെ അഭയാര്‍ത്ഥികളാക്കി മാറ്റുകയായിരുന്നു. ജൂതന്മാരെ കൊന്നൊടുക്കിയത്‌ ഹിറ്റ്‌ലറാണ്‌. ചരിത്രത്തിലെവിടെയും മുസ്‌ലിംകള്‍ അവര്‍ക്കെതിരെ പോരാട്ടത്തിനിറങ്ങിയിട്ടില്ല. ഓട്ടോമന്‍ എംബയിറിന്റെ മുഴുവന്‍ ചരിത്രവും ഞാന്‍ വായിച്ചിട്ടുണ്ട്‌. അതിലെവിടെയും ജൂതന്മാര്‍ക്കെതിരെ മുസ്‌ലിംകള്‍ രംഗത്തിറങ്ങിയത്‌ കാണാനാവില്ല. കൃസ്‌ത്യന്‍ - മുസ്‌ലിം പോരാട്ടങ്ങളുണ്ടായിട്ടുണ്ട്‌. കുരിശുയുദ്ധങ്ങള്‍ അതാണ്‌. അതിലും ജൂതന്മാര്‍ക്ക്‌ അഭയം നല്‍കിയവരാണ്‌ മുസ്‌ലിംകള്‍. അങ്ങനെ എല്ലാ നിലയിലും അഭയം നല്‍കിയവരെ അഭയാര്‍ത്ഥികളാക്കി മാറ്റിയ ക്രൂരവിനോദമാണ്‌ ഫലസ്‌തീനില്‍ കാണുന്നത്‌. ഇപ്പോള്‍ ഗസ്സയില്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന നരവേട്ടയെ പോലും ന്യായീകരിക്കുകയാണ്‌ അമേരിക്ക. ഇസ്രയേലിനു സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന മുടന്തന്‍ ന്യായമാണ്‌ അമേരിക്ക ഉയര്‍ത്തുന്നത്‌. യഥാര്‍ത്ഥത്തില്‍ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഫലസ്‌തീനികളുടേതാണ്‌. ഇസ്രയേല്‍ അവിടെ കടന്നു കയറിയവനാണ്‌.

യൂറോപ്പിലുണ്ടായ നവോത്ഥാനത്തില്‍ ഇസ്‌ലാമും മുസ്‌ലിംകളും വലിയ പങ്കുവഹിച്ചിട്ടുണ്ട്‌. ഞാന്‍ അതേകുറിച്ച്‌ നല്ലൊരു പഠനം തന്നെ തയാറാക്കി പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ്‌. ഇതൊന്നും ആരും ഉയര്‍ത്തിക്കാണിക്കുന്നില്ല. എല്ലാവര്‍ക്കും പറയാനുള്ളത്‌ ഇവര്‍ ഭീകരവാദികളാണെന്നു മാത്രമാണ്‌!

ഫാഷിസവും മുതലാളിത്ത കോര്‍പറേറ്റുകളും കൈകോര്‍ത്തു പിടിച്ചു വേട്ടക്കിറങ്ങുന്ന കാഴ്‌ചകളും ഇപ്പോള്‍ വ്യാപകമാണ്‌?


ഇറ്റലിയില്‍ ഫാഷിസം രംഗപ്രവേശം ചെയ്‌തപ്പോള്‍ അതിനെ ആരെല്ലാം പിന്തുണച്ചുവോ അവരെല്ലാം മുതലാളിത്വത്തെയും പിന്തുണച്ചിട്ടുണ്ട്‌. ഫാഷിസം വന്നത്‌ മുതലാളിത്വത്തെ സപ്പോര്‍ട്ട്‌ ചെയ്യുവാനാണ്‌. അതിനെതിരെ വന്ന കമ്യൂണിസം ഫാഷിസ്റ്റ്‌ ചിന്തയിലേക്ക്‌ പോയില്ലെങ്കിലും ഭരണകൂട ഭീകരതയിലേക്ക്‌ തിരിയുകയായിരുന്നു. കോര്‍പറേറ്റുകളുടെ സംരക്ഷണത്തിനു വേണ്ടിയാണ്‌ ഇന്നു ഫാഷിസം പ്രവര്‍ത്തിക്കുന്നത്‌. ജനകീയ സമരങ്ങളെ അടിച്ചൊതുക്കുന്നതും അവരുടെ അടിസ്ഥാന അവകാശങ്ങളെ നിഷേധിക്കുന്നതും മറ്റും കോര്‍പറേറ്റുകള്‍ക്ക്‌ വേണ്ടിയാണ്‌.

ബാബരീ ദുരന്തത്തിനു ശേഷം മതേതര ഇന്ത്യയെ പിടിച്ചുലച്ച സംഭവമായിരുന്നു ഗുജ്‌റാത്ത്‌ വംശഹത്യ. അതിനു നേതൃത്വം നല്‍കിയവര്‍ തന്നെ അവിടെ വീണ്ടും വീണ്ടും അധികാരത്തിലെത്തുന്നത്‌ രാജ്യത്തിന്റെ മതേതര അന്തരീക്ഷം കലുഷിതമാണെന്നതിന്റെ വ്യക്തമായ സൂചനയല്ലേ?


നേരത്തെ സൂചിപ്പിച്ചതുപോലെ കോര്‍പറേറ്റുകളുടെ പിന്തുണയിലാണ്‌ ഗുജ്‌റാത്ത്‌ വംശഹത്യക്കു നേതൃത്വം നല്‍കിയവര്‍ അവിടെ പിന്നെയും അധികാരത്തിലെത്തുന്നത്‌. വികസനത്തിന്റെ കുമിളകള്‍ കാണിച്ചു ബാക്കിയുള്ളതിനെ മുഴുവന്‍ മറച്ചുവെക്കുകയാണവര്‍. വികസനമെന്നു കേള്‍ക്കുമ്പോള്‍ ജനം എല്ലാം മറക്കും. അതോടെ വംശഹത്യയൊന്നും ഒരു വിഷയമല്ലാതാകും. എന്ത്‌ ഹത്യ നടന്നാലും തങ്ങളുടെ മൂലധനം സുരക്ഷിതമാകണമെന്ന ചിന്തയായിരിക്കും പിന്നെ അവിടെ. മനുഷ്യരുടെ സുരക്ഷക്കു പകരം മൂലധനത്തിന്റെ സുരക്ഷയായിരിക്കും അത്തരം ഘട്ടങ്ങളില്‍ പ്രധാനം. ദേശീയ തലത്തില്‍ ശ്രദ്ധേയരായ ആളുകള്‍ പോലും ഗുജ്‌റാത്ത്‌ മോഡലിനെക്കുറിച്ചാണ്‌ സംസാരിക്കുന്നത്‌. ആ മോഡല്‍ മറ്റൊരുത്തനെ കൊല്ലുകയും മൂലധനം സുരക്ഷിതമാക്കുകയും ചെയ്യുകയാണെന്ന്‌ അവര്‍ പറയുന്നില്ല. അവര്‍ക്ക്‌ പണമാണ്‌ വലുത്‌; മനുഷ്യനല്ല. വംശ ഹത്യകള്‍ നിസ്സാരമാവുകയും മൂലധന സംരക്ഷണം പ്രധാനമാകുകയും ചെയ്യുന്ന ഗുരുതരമായ വെല്ലുവിളിയാണ്‌ ഗുജ്‌റാത്ത്‌ ഉയര്‍ത്തുന്നത്‌. അതിനു പിന്നിലെല്ലാം ടാറ്റാ അടക്കമുള്ള കോര്‍പറേറ്റുകളാണ്‌.

ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉയിര്‍ത്തെഴുനേല്‍പ്പ്‌ ലക്ഷ്യം വെച്ചുകൊണ്ടുകൊണ്ട്‌ കുറേ അന്വേഷണ കമ്മീഷനുകളും സംവരണ സംവിധാനങ്ങളും രാജ്യത്തുണ്ടായി. എന്നിട്ടും പിന്നാക്ക വിഭാഗങ്ങള്‍ പിന്നാക്കം തന്നെ നല്‍ക്കുന്നു. എന്തുകൊണ്ടാണിത്‌?


പഴയപോലെ പൂര്‍ണമായും പിന്നാക്കത്തില്‍ തന്നെയാണെന്നു പറയാനാകില്ല. ഒരുപാട്‌ മുന്നേറി. മായാവതിയെപോലെ ഒരു പിന്നാക്കകാരി സ്വന്തമായി അധികാരത്തിലെത്തുന്നയിടം വരെ കാര്യങ്ങള്‍ എത്തിയില്ലേ. പിന്നെ, സംവരണം എന്നത്‌ യഥാര്‍ത്ഥത്തില്‍ സാമ്പത്തിക സംവിധാനങ്ങളുമായി ബന്ധപ്പെടുത്തേണ്ട ഒന്നല്ല. സാമൂഹികവും സാംസ്‌കാരികവുമായ പ്രശ്‌നങ്ങളാണ്‌ സംവരണത്തെ പ്രസക്തമാക്കുന്നത്‌. ഉദാഹരത്തിനു നമ്പൂതിരി വിഭാഗത്തില്‍പെട്ട ഒരാള്‍. അവനെത്ര പാവപ്പെട്ടവനാണെങ്കിലും അവനു കിട്ടുന്ന അംഗീകാരം എത്ര വലിയ പണക്കാരനായിരുന്നാലും ഒരു താഴ്‌ന്ന ജാതിക്കാരനു ലഭിക്കുകയില്ല. അവന്‍ സാമൂഹികമായി പിന്തള്ളപ്പെട്ടവനാണ്‌. അതുകൊണ്ടാണ്‌ വരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല; സാമുദായികാടിസ്ഥാനത്തിലാണ്‌ സംവരണം വേണ്ടതെന്നു പറയുന്നത്‌. ഇത്‌ മനസ്സിലാക്കാതെയാണ്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളടക്കം സാമ്പത്തിക സംവരണത്തിനു വേണ്ടി വാദിക്കുന്നത്‌. അത്‌ ഒരിക്കലും അംഗീകരിക്കാനാവില്ല.

ഇപ്പോള്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന നിയമനിര്‍മാണ സഭയിലെ വനിതാസംവരണ വിഷയമെടുത്തു നോക്കൂ. അത്‌ നേരത്തെ നിര്‍ദേശിക്കപ്പെട്ട രീതിയില്‍ പാസ്സായാല്‍ സംവരണത്തിന്റെ ആനുകൂല്യം ഉപയോഗിച്ച്‌ അധികാരത്തില്‍ വരുന്നത്‌ മുഴുവന്‍ ഐ.എ.എസ്‌ കാരുടെയും ഐ.പി.എസ്‌ കാരുടെയും മറ്റു സവര്‍ണ നേതാക്കളുടെയും ഭാര്യമാരും മക്കളുമായിരിക്കും. പിന്നാക്ക ജാതിക്കാരും ന്യൂനപക്ഷങ്ങളും പാടെ അവഗണിക്കപ്പെടും. അതുകൊണ്ടാണ്‌ സംവരണത്തില്‍ പിന്നാക്ക-ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കഴിയണമെന്ന്‌ മുലായം സിംഗിനെ പോലുള്ളവര്‍ വാദിക്കുന്നത്‌. ഈ വിഷയത്തില്‍ ഞാന്‍ അദ്ദേഹത്തോടൊപ്പമാണ്‌.

സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നു പതുക്കെ മാറുകയും പ്രൈവറ്റ്‌ സ്ഥാപനങ്ങള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്ന സാഹചര്യമാണിപ്പോള്‍. അതുകൊണ്ടുതന്നെ അത്തരം സ്വകാര്യ സ്ഥാപനങ്ങളിലും സംവരണം വേണമെന്ന വാദം ന്യായമാണല്ലോ. എന്നിട്ടും എന്തുകൊണ്ട്‌ അതിവേണ്ടി ശബ്‌ദങ്ങളുയരുന്നില്ല?


ശബ്‌ദങ്ങളൊക്കെ ഉയരുന്നുണ്ട്‌. പക്ഷേ, പ്രതീക്ഷിച്ചതുപോലെ ശ്രദ്ധേയമാകുന്നില്ല. അതുണ്ടാകണമെങ്കില്‍ സോഷ്യല്‍ മൂവ്‌മെന്റുകള്‍ രംഗത്തു വന്നു സമരം ചെയ്യണം. അപ്പോള്‍ രാഷ്‌ട്രീയക്കാര്‍ ഏറ്റെടുക്കുകയും ഫലംകാണുകയും ചെയ്യും. സോഷ്യല്‍ മൂവ്‌മെന്റുകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളാണ്‌ പൊളിറ്റിക്കല്‍ ലീഡേഴ്‌സിനെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക്‌ നിര്‍ബന്ധിക്കുന്നത്‌. അങ്ങനെ ഒരു സോഷ്യല്‍ മൂവ്‌മെന്റ്‌ ഈ വിഷയത്തിലും ഉണ്ടാകണമെന്നാണ്‌ എന്റെ അഭിപ്രായം.

അടുത്തിടെ കേരളത്തില്‍ നിറഞ്ഞു നിന്ന ഒരു വിഷയമാണ്‌ അഞ്ചാം മന്ത്രി വിവാദം. അത്‌ കേരളത്തിന്റെ സാമുദായിക ഘടനയെ എങ്ങനെയാണ്‌ ബാധിച്ചത്‌?


ഇവിടെ മുഴുവന്‍ മന്ത്രിമാരും ഹിന്ദുക്കളായിരുന്നെങ്കില്‍ ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാകുമായിരുന്നില്ലല്ലോ. അഞ്ച്‌ മുസ്‌ലിം മന്ത്രിമാരുണ്ടായപ്പോള്‍ മാത്രം എന്താണിത്ര പ്രശ്‌നം? ലീഗിനെ വേണമെങ്കില്‍ വിമര്‍ശിക്കാം. പക്ഷേ, അതെല്ലാം മുസ്‌ലിംകളുടെ പേരില്‍ വെച്ചുകെട്ടുന്നതിന്റെ അര്‍ത്ഥമെന്താണ്‌?

മാതൃഭൂമി പത്രത്തിന്റെ മേധാവി കൂടിയാണല്ലോ താങ്കള്‍. ഒരു കാലത്ത്‌ ദേശീയ-ജനകീയ ശബ്‌ദമായിരുന്ന മാതൃഭൂമി ഇപ്പോള്‍ ഒരു സവര്‍ണ - മുതലാളിത്ത പാതയിലാണെന്നു വിമര്‍ശമുണ്ട്‌?


നിങ്ങള്‍ക്ക്‌ മാതൃഭൂമിയെടുത്ത്‌ പരിശോധിക്കാം. ഇടതുപക്ഷത്തെ കുറിച്ച്‌ ഏറ്റവും കൂടുതല്‍ വാര്‍ത്ത വരുന്ന പാര്‍ട്ടി ഇതര പത്രം മാതൃഭൂമിയാണ്‌. ബാബരീ മസ്‌ജിദ്‌ പ്രശ്‌നമുണ്ടായപ്പോള്‍ ഒന്നാം പേജില്‍ മുഖപ്രസംഗം എഴുതിയ പത്രങ്ങള്‍ ഹിന്ദുവും മാതൃഭൂമിയും മാത്രമാണ്‌. ഇസ്രയേലിനെതിരെ നന്നായി റിപ്പോര്‍ട്ട്‌ കൊടുക്കുന്നത്‌ മാതൃഭൂമിയാണ്‌. അത്‌ ഇസ്രയേലിനു അനുകൂലമല്ല. ന്യൂനപക്ഷ വിരുദ്ധമല്ല. അപ്പോള്‍ അടിസ്ഥാനപരമായി യാതൊരു മാറ്റവും മാതൃഭൂമിയില്‍ ഉണ്ടായിട്ടില്ല. ഞാനൊരു പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ടാണ്‌. പക്ഷേ, ആ പാര്‍ട്ടിയുടെ പോളിസിയൊന്നും മാതൃഭൂമിക്കില്ല.

ന്യൂനപക്ഷ വിരുദ്ധമല്ലെന്ന്‌ പറയുമ്പോഴും പല വിഷയങ്ങളിലും - ഉദാഹരണത്തിനു ലൗ ജിഹാദ്‌ - മാതൃഭൂമി ന്യൂനപക്ഷ വിരുദ്ധതയാണ്‌ വിളമ്പിയത്‌?


ലൗ ജിഹാദ്‌ പോലുള്ള വിഷയങ്ങളില്‍ ന്യൂസ്‌ കൊടുത്തിട്ടുണ്ടാകാം. മാതൃഭൂമിയുടെ അഭിപ്രായം എന്നു പറയുന്നത്‌ അതിന്റെ മുഖപ്രസംഗമാണ്‌. ലൗ ജിഹാദ്‌ പ്രശ്‌നത്തില്‍ ഞങ്ങള്‍ മുഖപ്രസംഗമൊന്നും എഴുതിയിട്ടില്ല.

മുഖപ്രസംഗത്തിലൂടെ മാത്രമല്ലല്ലോ ഒരു പത്രം വായനക്കാരനുമായി സംവദിക്കുന്നത്‌?


ലൗ ജിഹാദിനൊന്നും ഞങ്ങള്‍ വലിയ പ്രാധാന്യം കൊടുത്തിട്ടില്ല. ഏതെങ്കിലും സംഭവങ്ങള്‍ ഉദ്ധരിക്കുകയും അല്ലറ ചില്ലറ റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്‌തിട്ടുണ്ടാകാം. ഗുജ്‌റാത്ത്‌ വംശഹത്യക്കും മോഡിയുടെ പൊളിറ്റിക്‌സിനുമെതിരെ ഏറ്റവും കൂടുതല്‍ ശബ്‌ദിച്ചത്‌ മാതൃഭൂമിയാണ്‌.

ഇന്നു നാം നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ്‌ മാധ്യമ വിചാരണ. ഒരു കേസില്‍ കോടതി വിധി പറയും മുമ്പേ മാധ്യമങ്ങള്‍ ടോര്‍ച്ചടിക്കുകയും തീര്‍പ്പുകല്‍പ്പിക്കുകയുമാണ്‌. അതിന്റെ വലിയൊരു ഇരയാണ്‌ ഐ.എസ്‌.ആര്‍.ഒ ചാരക്കേസില്‍ ജയില്‍ മോചിതനായ നമ്പിനാരായണന്‍. പിണറായിയും കുഞ്ഞാലിക്കുട്ടിയുമെല്ലാം ഈ മാധ്യമ വിചാരണയുടെ രാഷ്‌ട്രീയ ഇരകളാണ്‌. എന്തുകൊണ്ടാണ്‌ ഇങ്ങനെയുള്ള നേതാക്കളും പ്രതിഭകളും മാധ്യമങ്ങളാല്‍ നിരന്തരം വേട്ടയാടപ്പെടുന്നത്‌?


പ്രിന്റ്‌ മീഡിയകളല്ല; ദൃശ്യമാധ്യമങ്ങളാണ്‌ കാര്യമായും ഇത്തരം വിചാരണയുടെ അധിപന്മാര്‍. പിണറായി വിജയനെ കുറിച്ച്‌ പറഞ്ഞു. പത്രങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം എന്താണ്‌? അയാള്‍ ഉപയോഗിക്കുന്ന വാക്കുകളെന്താണ്‌? ഒരു ബിഷപ്പിനെ കുറിച്ച്‌ നികൃഷ്‌ട ജീവി എന്നാണ്‌ അദ്ദേഹം ഉപയോഗിച്ചത്‌. ടി.പി ചന്ദശേഖര്‍ മരിച്ചതിനു ശേഷമാണ്‌ കുലംകുത്തി എന്ന്‌ അദ്ദേഹത്തെ വിളിച്ചത്‌. അങ്ങനെ ആരെങ്കിലും പറയുമോ? അതിന്റെയൊക്കെ പ്രതിഫലനങ്ങള്‍ മാധ്യമങ്ങളില്‍ വന്നിട്ടുണ്ടാകാം. കുഞ്ഞാലിക്കുട്ടി അനാവശ്യമായി തേജോവധം ചെയ്യപ്പെട്ട വ്യക്തി തന്നെയാണ്‌. സെന്‍സേഷനിസമാണ്‌ അതിനു പിന്നില്‍. ബ്രൈക്കിംങ്‌ ന്യൂസ്‌, ഫ്‌ളാഷ്‌ ന്യൂസ്‌ എന്നൊക്ക പറഞ്ഞു ഓരോന്നു വരണമെങ്കില്‍ ഇങ്ങനെ വല്ലതും അവര്‍ക്കു വേണമല്ലോ. ആഗോളവത്‌കരണത്തിന്റെ ഭാഗമായി വന്ന കോമ്പറ്റീഷനും മറ്റും ഇത്തരം കാര്യങ്ങളില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്‌.

ദൃശ്യമാധ്യമങ്ങള്‍ വരുന്നതിനു മുമ്പാണ്‌ ഐ.എസ്‌.ആര്‍.ഒ ചാരക്കേസ്‌. എന്നിട്ടും നമ്പിനാരായണന്‍ ഉള്‍പ്പെടെയുള്ളവരെ മാധ്യമങ്ങള്‍ വേട്ടയാടി?


വാസ്‌തവത്തില്‍ അതിന്റെ ഗൂഢാലോചനകള്‍ ഉണ്ടായത്‌ പത്രങ്ങളിലായിരുന്നില്ല. വേറെ കുറേ സ്ഥലങ്ങളിലാണ്‌. അതിന്റെ ന്യൂസ്‌ കുറേ പത്രങ്ങളില്‍ വരികയായിരുന്നു.

മാധ്യമ വേട്ടയുടെ മറ്റൊരു ഇരയാണ്‌ അബ്ദുന്നാസിര്‍ മഅ്‌ദനി. കഴിഞ്ഞ പാര്‍ലമെന്റ്‌ ഇലക്ഷന്‍ വേളയില്‍ അദ്ദേഹം പിണറായി വിജയനോടൊപ്പം ഇരിക്കുന്നത്‌ ഉയര്‍ത്തിക്കാട്ടി മതേതരത്വത്തെ ഇടതുപക്ഷം കളങ്കപ്പെടുത്തി എന്ന്‌ വരുത്തി തീര്‍ക്കുകയായിരുന്നു നമ്മുടെ മാധ്യമങ്ങള്‍. രണ്ട്‌ രാഷ്‌ട്രീയ നേതാക്കള്‍ വേദി പങ്കിട്ടതിനെ ഇങ്ങനെ തെറ്റിദ്ധരിച്ചതിനു പിന്നിലാരാണ്‌?
കഴിഞ്ഞ പാര്‍ലമെന്റ്‌ ഇലക്ഷനില്‍, പൊന്നാനി സീറ്റ്‌ കൈ വശം വെച്ചിരുന്ന സി.പി.ഐ യെ അവഗണിച്ചുകൊണ്ടാണ്‌ മഅ്‌ദനിയുമായി സി.പി. എം ധാരണയിലെത്തിയത്‌. കൂടെയുള്ളവരെ മാറ്റി നിര്‍ത്തി പുതിയൊരാളുമായി കൂട്ടുകൂടുമ്പോള്‍ അതിന്റെ റിയാക്ഷന്‍ വരുമല്ലോ. മഅ്‌ദനി കോയമ്പത്തൂര്‍ ജയിലില്‍ കിടന്നപ്പോള്‍ പിണറായി വിജയന്‍ മാത്രമായിരുന്നില്ല; നമ്മളൊക്കെ അയാളോടൊപ്പമായിരുന്നു. വാസ്‌തവത്തില്‍ അദ്ദേഹത്തെ പിടിച്ചുകൊടുത്തത്‌ നായനാര്‍ ആണ്‌. ഇപ്പോഴും അദ്ദേഹത്തെ ജയിലിട്ടിരിക്കുന്നത്‌ ശരിയല്ലെന്ന പക്ഷക്കാരനാണ്‌ ഞാന്‍. ജാമ്യം പോലും നല്‍കാതെ ഒരു മനുഷ്യനെ ഇങ്ങനെ ജയിലിടുന്നത്‌ മനുഷ്യാവകാശ ലംഘനം തന്നെയാണ്‌. അതിനെതിരെ ഇപ്പോള്‍ മാര്‍കിസ്റ്റ്‌ പാര്‍ട്ടി ഒന്നും പറയുന്നില്ലല്ലോ. മാര്‍കിസ്റ്റ്‌ പാര്‍ട്ടി കൂട്ടുപിടിച്ച മഅ്‌ദനി, ഇപ്പോള്‍ ജയിലായപ്പോള്‍ അതിനെതിരില്‍ എന്തെങ്കിലും ഒരു കാമ്പയിന്‍ സി.പി.എം നടത്തിയോ? ആ കാര്യത്തിലൊക്കെ സി.പി.എം ഇപ്പോള്‍ ഹൈന്ദവ പക്ഷവാദികളായികൊണ്ടിരിക്കുകയാണ്‌.

അടുത്തകാലത്തായി സി.പി.എം ഹിന്ദുത്വ പ്രീണന ശൈലി പിന്തുടരുന്നുണ്ടെന്നാണോ?


അതെ. മാറി മറിഞ്ഞു വരുന്ന രാഷ്‌ട്രീയ സാഹചര്യത്തില്‍ ഒരു ഹിന്ദു ഫീലിങ്‌ ഉണ്ടായിട്ടുണ്ടെന്നു മനസ്സിലാക്കി അത്‌ മുതലെടുക്കാന്‍ ശ്രമിക്കുകയാണവര്‍

റോഹിങ്ക്യാ മുസ്‌ലിംകള്‍:
പീഡനപര്‍വ്വങ്ങള്‍ക്കറുതിയില്ലേ

എം.എ. സലാം റഹ്‌മാനി കൂട്ടാലുങ്ങല്‍
`മ്യാന്മറിന്റെ മണ്ണ്‌ ചരിത്രത്തിന്റെ പുനരാവര്‍ത്തനംപോലെ ഒരിക്കല്‍കൂടി മുസ്‌ലിംകളുടെ ചോര വീണ്‌ ചെഞ്ചായമണിയുന്ന രംഗങ്ങള്‍ക്കാണ്‌ വര്‍ത്തമാന കാലം സാക്ഷിയാവുന്നത്‌. മ്യാന്മാറിലെ റോഹിങ്ക്യാ മുസ്‌ലിംകള്‍ സൈന്യവും അഹിംസയുടെ താരാട്ടുപാട്ടുപാടി കടന്നുപോയ ശ്രീബുദ്ധന്റെ ത്രിശൂലമേന്തിയ പുതിയ മുഖമുള്ള അനുയായികളും സംയുക്തമായി നടത്തുന്ന അക്രമങ്ങളില്‍പെട്ട്‌ ഞെരിഞ്ഞമരുന്ന കാഴ്‌ചയാണ്‌ നാം കണ്ടുകൊണ്ടിരിക്കുന്നത്‌. പഴയ ബര്‍മ്മയെന്ന ഇന്നത്തെ മ്യാന്‍മറില്‍ അഥവാ ജനാധിപത്യ നായകത്വത്തിന്റെ ആഗോള പേന്റെന്റെടുത്തണിഞ്ഞ ഓങ്ങ്‌സാന്‍ സൂചിയെന്ന സമരനായിക പട്ടാളത്തടവില്‍നിന്നും പുറത്ത്‌ വന്ന്‌ സ്വതന്ത്രമായി വിഹരിക്കുന്ന നാട്ടിലാണ്‌ ഇത്‌ സംഭവിക്കുന്നതെന്ന്‌ പറയുമ്പോഴാണ്‌ അത്ഭുതം കൂറേണ്ടി വരുന്നത്‌.

മ്യാന്‍മര്‍ ബംഗ്ലാദേശുമായി പങ്കിടുന്ന അതിര്‍ത്തിക്ക്‌ സമീപമുള്ള അറാകാന്‍ പ്രദേശത്തു ജീവിക്കുന്ന റോഹിങ്ക്യാ മുസ്‌ലിംകള്‍ എന്നും ഭരണകൂടഭീകരതയുടെയും ബുദ്ധതീവ്രവാദികളുടെയും ഇരകളാവാന്‍ മാത്രം വിധിക്കപ്പെട്ടവരാണ്‌. മുസ്‌ലിംകളായതുകൊണ്ട്‌ മാത്രമാണ്‌ ഇവര്‍ കാഠിന്യമേറിയ പീഢനകള്‍ക്കിരയാവേണ്ടിവരുന്നതെന്നൊരു വസ്‌തുതയാണ്‌. മ്യാന്‍മറിന്റെ മണ്ണില്‍നിന്നും എങ്ങനെയെങ്കിലും ഇവരെ ഇല്ലായ്‌മ ചെയ്‌ത മുസ്‌ലിംകളില്ലാത്ത ഒരു മ്യാന്‍മര്‍ എന്ന സ്വപ്‌നത്തിന്‌ വേണ്ടി പണിയെടുക്കുന്ന ബുദ്ധ തീവ്രവാദികള്‍ക്ക്‌ ഏണിവെച്ചുകൊടുക്കുന്ന സമീപനമാണ്‌ നാടിന്റെ മക്കള്‍ക്ക്‌ സംരക്ഷണം നല്‍കേണ്ട സൈന്യവും പിന്തുടരുന്നത്‌.

ഒരു റോഹിങ്ക്യാ മുസ്‌ലിം യുവാവും ബുദ്ധമതക്കാരിയും തമ്മിലെ പ്രണയവുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ മേയ്‌ മാസത്തില്‍ തുടങ്ങിയ സംഭവങ്ങളാണ്‌ ഇന്ന്‌ ഒരു വിഭാഗത്തെ മാത്രം തെരഞ്ഞുപിടിച്ച്‌ നടത്തുന്ന അരുംകൊലയിലെത്തി നില്‍ക്കുന്നത്‌. എന്തെങ്കിലും കാരണം കണ്ടെത്തി മുസ്‌ലിംകള്‍ക്കെതിരെ കുതിരകയറാന്‍ തക്കംപാര്‍ത്തിരിക്കുന്ന ബുദ്ധതീവ്രവാദികള്‍ക്ക്‌ ആ പ്രണയമൊരു പിടിവള്ളിയായിരുന്നു. കേവല പ്രണയമെന്നതിന്റെയുപ്പറത്തേക്കതിനെ വലിച്ചുനീട്ടുകയും ലോകത്തൊന്നടങ്കം മുസ്‌ലിം വിഷയങ്ങളില്‍ സംഭവിക്കുന്നതുപോലെ ഇവിടെയും മുസ്‌ലിംകളെ ഇരകളാക്കിമാറ്റി ഭരണകൂടത്തിന്റെ കൂടി ഗൂഢ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തോടെ ബുദ്ധഭിക്ഷുക്കള്‍ കലാപം നടത്തി ലക്ഷ്യം നിറവേറ്റുകയാണിവിടെ ചെയ്യുന്നത്‌.

ഈ കഴിഞ്ഞ ജൂണ്‍ ആദ്യത്തില്‍ തുടങ്ങിയ കലാപത്തില്‍ ഇതുവരെ 78 പേര്‍ കൊല്ലപ്പെടുകയും 70000 പേര്‍ ഭവനരഹിതരാവുകയും ചെയ്‌തുവെന്നാണ്‌ ഔദ്യോഗിക കണക്കുകള്‍ പറയുന്നതെങ്കിലും യഥാര്‍ത്ഥം ഇതിനേക്കാള്‍ അപ്പുറത്താണ്‌. 1982-ല്‍ സൈനിക ഭരണകൂടം പൗരത്വനിയമം കൊണ്ടുവന്നതോടുകൂടിയാണ്‌ റോഹിങ്ക്യാ മുസ്‌ലിംകളുടെ അവസ്ഥ ഏറെ പരിതാപകരമായിത്തുടങ്ങിയത്‌. മ്യാന്‍മറിന്റെ അയല്‍രാജ്യമായ ബംഗ്ലാദേശില്‍നിന്നും കുടിയേറിപ്പാര്‍ത്തവര്‍ എന്ന ആരോപണം നേരിടുന്ന ഈ വിഭാഗം മുസ്‌ലിംകളെ എങ്ങനെയെങ്കിലും ഉച്ഛാടനം ചെയ്യാനുള്ള പല തീവ്രവാദഗ്രൂപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇക്കാലം വരെ സൈനിക ഭരണകൂടവും മറ്റു ഔദ്യോഗിക സംവിധാനങ്ങളും മൗനസമ്മതം നല്‍കിയതാണ്‌ ചരിത്രം. ഇപ്പോള്‍ കലാപംകൊണ്ട്‌ പൊറുതിമുട്ടുന്ന പല പ്രദേശങ്ങളിലേക്കും കലാപം നിയന്ത്രണവിധേയമാക്കാന്‍ കടന്നുവന്ന സൈന്യംതന്നെ മുസ്‌ലിംകള്‍ക്കെതിരെ അക്രമത്തില്‍ പങ്കുചേരുന്നുണ്ടെന്ന യു.എന്‍.ഒ.യുടെ വെളിപ്പെടുത്തല്‍ കാര്യങ്ങളുടെ സത്യാംശങ്ങളിലേക്ക്‌ വെളിച്ചം വീശുന്നുണ്ട്‌. റോഹിങ്ക്യാ മുസ്‌ലിംകള്‍ മ്യാന്‍മര്‍ പൗരന്മാരെന്നാണ്‌ മ്യാന്‍മര്‍ ഭരണകൂടത്തിന്റെ ഭാഷ്യം. മ്യാന്‍മറിലെ റോഹിങ്ക്യാ മുസ്‌ലിംകള്‍ക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ അരങ്ങേറുന്നുണ്ടെന്നും ഗ്രാമങ്ങളില്‍നിന്നും റോഹിങ്ക്യ മുസ്‌ലിംകളെ സൈന്യവും പോലീസും ചേര്‍ന്ന്‌ അടിച്ചോടിക്കുകയുമാണെന്നുമുള്ള ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ വെളിപ്പെടുത്തലും സംഭവത്തിന്റെ ഗൗരവം നമുക്ക്‌ മുന്നില്‍ വെളിവാക്കിത്തരുന്നുണ്ട്‌. റോഹിന്‍ഗ്യകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ സ്വതന്ത്രാന്വേഷണം നടത്തണമെന്ന്‌ യു.എന്‍. മനുഷ്യാവകാശ കമ്മീഷണര്‍ നവി പിള്ള ആവശ്യപ്പെട്ടത്‌ സ്വാഗതാര്‍ഹമാണ്‌. യു.എന്നിന്റെ അതിശക്തമായ ഇടപെടല്‍ ഇവിടെ അനിവാര്യമാണ്‌. ലോക സമാധാനത്തിനെന്ന വ്യാജേന എവിടെയും ഏത്‌ സമയത്തും കയറിച്ചെന്ന്‌ വാചകമടിക്കുന്ന അമേരിക്കന്‍ നേതൃത്വം പ്രശ്‌നത്തിലകപ്പെട്ടത്‌ മുസ്‌ലിംകളായതിന്റെ പേരില്‍ മാത്രമാണ്‌ റോഹിന്‍ഗ്യകള്‍ക്കെതിരെ നടക്കുന്ന പീഢന പര്‍വ്വങ്ങളെ കണ്ടില്ലെന്ന്‌ നടിക്കുന്നത്‌. ലോകസമാധാന സ്‌നേഹിയുടെ വിക്തമുഖം ഒരിക്കല്‍കൂടി വെളിച്ചത്തിലായെന്ന്‌ മാത്രം. ഒപ്പം ഇത്രകാലം മ്യാന്‍മറിലെ പട്ടാളത്തിന്റെ നികൃഷ്‌ടതകള്‍ക്കെതിരെ പ്രതികരിച്ച ഓന്‍സാന്‍ സൂചി അവരുടെ നാട്ടില്‍പോലും ശ്രമിക്കാത്തത്‌ അവരുടെ ഉദ്ദേശശുദ്ധിയില്‍ വിള്ളല്‍ വീഴ്‌ത്താന്‍ പോന്നതാണ്‌. റോഹിങ്ക്യ മുസ്‌ലിംകള്‍ പിന്തുണ പ്രഖ്യാപിക്കാത്തതിന്റെ പേരില്‍ ഏറെ വിമര്‍ശന വിധേയമായ അവര്‍ ഗോത്രന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന്‌ നിയമം കൊണ്ടുവരണമെന്ന്‌ പറഞ്ഞ്‌ പരോക്ഷമായി വിഷയത്തെ സമീപിച്ച്‌ തുടങ്ങിയിരുന്നു.

ആഗോള സമൂഹമൊന്നടങ്കം റോഹിങ്ക്യാ മുസ്‌ലിംകള്‍ക്കെതിരെ ഭീകര പ്രവര്‍ത്തനങ്ങളില്‍ പ്രതികരിക്കേണ്ടത്‌ അനിവാര്യമാണ്‌. ആഗോള മുസ്‌ലിം സമൂഹം പുണ്യറമളാനിന്റെ ആത്മീയതലങ്ങളിലൂടെ സഞ്ചരിച്ച്‌ മാനസികവും ശരീരികവുമായ സംതൃപ്‌തി നേരിട്ട്‌ നരകതുല്യമായ ജീവിതം നയിക്കുമ്പോള്‍ അവരോട്‌ കൂറ്‌ പുലര്‍ത്തേണ്ട ബാധ്യത പ്രത്യേകിച്ചും മുസ്‌ലിം സമൂഹത്തിനുണ്ട്‌. തുര്‍ക്കിയിലെ ഈസ്‌ എനിബഡി ദേര്‍, ഹ്യൂമാനിറ്റേറിയന്‍ റിലീഫ്‌ ഫൗണ്ടേഷന്‍ തുടങ്ങിയ സംഘടനകള്‍ റോഹിങ്ക്യ മുസ്‌ലിംകള്‍ക്ക്‌ സഹായമെത്തിച്ചത്‌ പ്രോത്സാഹജനകമാണ്‌.

റോഹിങ്ക്യ മുസ്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന താലിബാന്റെ ഭീഷണി അര്‍ഹിച്ച ഗൗരവത്തോടെതന്നെ ഉള്‍കൊള്ളേണ്ടതുണ്ട്‌. പാകിസ്ഥാനില്‍ കഴിയുന്ന മ്യാന്‍മര്‍ സ്വദേശികളില്‍ ഓരോരുത്തരുടെയും ലക്ഷ്യംവെക്കും. മ്യാന്‍മറില്‍ ജീവന്‍ നഷ്‌ടമാവുന്നവരുടെ രക്തത്തിന്‌ പകരം ചോദിക്കും. തുടങ്ങിയ താലിബാന്റെ അവകാശവാദങ്ങളെ അവഗണിക്കുന്നത്‌ പ്രശ്‌നങ്ങള്‍ കൂടുതല്‍ വശളാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ.

മ്യാന്‍മറില്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പുതിയതൊന്നുമല്ല. ഇന്നലെകളിലും മുസ്‌ലിംകളെ ഇല്ലായ്‌മ ചെയ്യാന്‍ ഒട്ടേറെ കിരാതപ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയിട്ടുണ്ടെന്ന്‌ ആ രാഷ്‌ട്രത്തിന്റെ ഇന്നോളമുള്ള ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാവുന്നതാണ്‌. ആ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും വികാസത്തിനും ഏറെ സംഭാവനകള്‍ നല്‍കിയവരാണ്‌ മുസ്‌ലിംകളെന്ന്‌ കൂടിനാമറിഞ്ഞരിക്കേണ്ടതുണ്ട്‌. സെര്‍ബുചെകുത്താന്മാര്‍ ബോസ്‌നിയയിലെ മുസ്‌ലിംകളോട്‌ ചെയ്‌തതുപോലുള്ള നിന്ദ്യനടപടികള്‍ ഇന്നലെകളില്‍ ബര്‍മീസ്‌ മുസ്‌ലിംകളും നേരിടേണ്ടി വന്നിട്ടുണ്ടെന്നറിയുമ്പോഴാണ്‌ കാലങ്ങളായി തുടരുന്ന മുസ്‌ലിം ഉന്മൂലന പ്രക്രിയയുടെ തുടര്‍ച്ചയാണ്‌ ഇന്ന്‌ റോഹിങ്ക്യ മുസ്‌ലിംകളോടും ചെയ്യുന്നതെന്ന്‌ നമുക്ക്‌ വിലയിരുനത്താനാവും.

ഇസ്‌ലാമും മ്യാന്‍മറും(പഴയ ബര്‍മ്മ) തമ്മില്‍ എത്രത്തോളം ആഴത്തിലുള്ള ബന്ധമാണുള്ളതെന്ന്‌ നാം മനസ്സിലാക്കേണ്ടതുണ്ട്‌. ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ തന്നെ ബര്‍മ്മയുമായി ഇസ്‌ലാം ബന്ധപ്പെട്ട്‌ തുടങ്ങുന്നുണ്ട്‌. മറ്റു പലനാടുകളും ഇസ്‌ലാമിനെക്കുറിച്ചറിഞ്ഞത്‌ പോലെ ആദ്യകാലത്ത്‌ കടന്നുവെന്ന്‌ ഇവിടെ വ്യാപാരത്തിലേല്‍പ്പെട്ട അറബികള്‍ മുഖേനയാണ്‌ ഈ മണ്ണ്‌ ഇസ്‌ലാമിനെ പരിചയപ്പെട്ടു തുടങ്ങുന്നത്‌. വൈയക്തിക വിശുദ്ധികൊണ്ട്‌ സാമൂഹിക ജീവിതത്തില്‍ സുഗന്ധ സാന്നിധ്യങ്ങളായി പരന്നൊഴുകിയ അറബിവ്യാപാരികള്‍ വഴി ഇസ്‌ലാം വളരെ പെട്ടെന്ന്‌ സ്വാധീനം ചെലുത്തുകയുണ്ടായി. മ്യാന്‍മറിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമും മുസ്‌ലിംകളും ഭുരിപക്ഷമായിമാറി. വിശിഷ്യാ ആ നാടിന്റെ പശ്ചിമഭാഗത്തെ അറകാന്‍ പ്രവിശ്യയുട നീളം മുസ്‌ലിംകളെകൊണ്ട്‌ നിറഞ്ഞു. ഇന്ന്‌ മ്യാന്മറില്‍ അതിക്രമത്തിനിരയാവുന്ന റോഹിങ്ക്യാ മുസ്‌ലിംകള്‍ ഈ അറക്കന്‍ പ്രവിശ്യയിലാണ്‌ ജീവിക്കുന്നത്‌.

എ.ഡി. പതിനഞ്ചാം നൂറ്റാണ്ടായപ്പോഴേക്കും ഇസ്‌ലാമിക ചിഹ്നങ്ങളായ പള്ളികള്‍, മദ്‌റസകള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവകൊണ്ട്‌ ബര്‍മ്മ അനുഗ്രഹീത നാടായി പരിണമിച്ചു. അക്കാലത്ത്‌ ഭരണം കയ്യാളുന്ന നാല്‍പത്തെട്ടോളം മുസ്‌ലിം രാജാക്കന്മാരുള്ള സ്റ്റേറ്റായി ബര്‍മ്മ മാറിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ദശകങ്ങള്‍വരെ ബര്‍മ്മയില്‍ മുസ്‌ലിംകളുടെ സുവര്‍ണ്ണകാലഘട്ടമായിരുന്നു. മതകീയ അടയാളങ്ങളുയര്‍ത്തിപ്പിടിച്ച്‌ ജീവിതം നയിക്കാനും മറ്റും യാതൊരുവിധ പ്രതിസന്ധിയും നേരിടാത്ത കാലമായിരുന്നു അത്‌.

എന്നാല്‍ 1784-ലാണ്‌ ബര്‍മ്മയിലേക്ക്‌ നുഴഞ്ഞുകയറിയ ബുദ്ധഭിക്ഷുക്കളുടെ ആഗമനം മുതല്‍ക്കാണ്‌ മുസ്‌ലിംകളുടെ കഷ്‌ടകാലം ആരംഭിക്കുന്നത്‌. തങ്ങളുടെ സ്വാധീനവും കഴിവുമുപയോഗിച്ച്‌ അധികാരസ്ഥാനങ്ങള്‍ കൈയ്യടക്കുകയും ചെയ്‌തു. അധികാര ദണ്ഡുപയോഗിച്ച്‌ മുസ്‌ലിം ചിഹ്നങ്ങള്‍ക്കുനേരെ അതിശക്തമായ അക്രമങ്ങള്‍ അഴിച്ചുവിട്ടു. പള്ളികളും മതസ്ഥാപനങ്ങളും തങ്ങളുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന കേന്ദ്രമാക്കി അവര്‍ മാറ്റി.

1824-ലാണ്‌ ബര്‍മ്മ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ കോളനി പ്രദേശമായി മാറുന്നത്‌. കുരിശുയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്‌ ബ്രിട്ടീഷുകാര്‍ അധിനിവേശം ആരംഭിക്കുന്നതെന്നതുകൊണ്ട്‌തന്നെ അധിനിവേശ പ്രദേശങ്ങളിലെല്ലാം മുസ്‌ലിംകളെ തെരഞ്ഞുപിടിച്ച്‌ അടിച്ചമര്‍ത്താനാണ്‌ ബ്രിട്ടീഷ്‌ സാമ്രാജ്യത്വം ശ്രമിച്ചതെന്നതൊരു ചരിത്രസത്യമാണ്‌. അതിന്‌ ബര്‍മ്മയുടെ മണ്ണിലും മാറ്റമുണ്ടായിരുന്നില്ല. നീണ്ടകാലത്തെ അടിമത്വത്തിന്റെ കൈപ്പുനീര്‌ കുടിച്ചശേഷം 1948-ല്‍ ബര്‍മ്മ ബ്രിട്ടീഷുകാരില്‍നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ട ഭൂമിയില്‍ ഏറെ വിയര്‍പ്പും രക്തവുമൊഴുക്കിയ ബര്‍മിസ്‌ മുസ്‌ലിംകള്‍ക്ക്‌ സ്വതന്ത്രാനന്തര ബര്‍മ്മയില്‍ സ്വതന്ത്രവായു ശ്വസിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. ബുദ്ധഭിക്ഷുക്കളുടെ കരങ്ങള്‍ക്കിടയില്‍പെട്ട്‌ ഞെരിഞ്ഞമരാനായിരുന്നു അവരുടെ വിധി. അവകാശധ്വംസനങ്ങളുടെ നിരതന്നെ മുസ്‌ലിംകള്‍ അഭിമുഖീകരിച്ചു. വിദേശികളെന്ന മുദ്രകുത്തി ആട്ടിപ്പായിക്കപ്പെട്ടു. 1962-ലാണ്‌ ബര്‍മ്മ പട്ടാളഭരണത്തിന്‌ കീഴില്‍ വരുന്നത്‌. പിന്നീട്‌ പട്ടാളത്തിന്റെ ഭരണകൂട ഭീകരതകള്‍ക്കിരയാവുന്ന ബര്‍മ്മിസ്‌ മുസ്‌ലിംകളുടെ രോദനങ്ങള്‍ക്കാണ്‌ ആ മണ്ണ്‌ സാക്ഷിയായത്‌. 1978-ല്‍ പട്ടാളം `നാഗാമണ്‍' എന്ന സ്വദേശി ശുദ്ധീകരണപ്രക്രിയയിലേക്ക്‌ നേതൃത്വം നല്‍കി മുസ്‌ലിംകളെ ഉച്ഛാടനം ചെയ്‌ത ബര്‍മ്മയുടെ മണ്ണ്‌ ശുദ്ധമാക്കുകയെന്നതായിരുന്നു ഇതിലൂടെ ലക്ഷ്യം വെച്ചത്‌. പതിനായിരത്തിലധികം മുസ്‌ലിംകളെ അന്ന്‌ പട്ടാളവും ബുദ്ധന്മാരും ചേര്‍ന്ന്‌ കൊലപ്പെടുത്തി. ലക്ഷക്കണക്കിന്‌ മുസ്‌ലിംകളെ സമീപ രാഷ്‌ട്രമായ ബംഗ്ലാദേശിലേക്ക്‌ ആട്ടിപ്പായിച്ചു. മുസ്‌ലിം പണ്ഡിതന്മാരെ തെരഞ്ഞുപിടിച്ചാക്രമിച്ചു. പട്ടാളത്തിന്റെ നികൃഷ്‌ഠ സമീപനങ്ങളില്‍ മനംനൊന്ത്‌ നാടുംവീടും ഉപേക്ഷിച്ച്‌ പ്രാണരക്ഷാര്‍ത്ഥം പതിനായിരങ്ങള്‍ വിവിധ ദിക്കുകളിലേക്ക്‌ പലായനം ചെയ്‌തു. ഇന്നും തുടരുന്ന അക്രമങ്ങള്‍ സ്വദേശി ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായിത്തന്നെ വേണം വിലയിരുത്താന്‍. പട്ടാളത്തിന്റെ അതിക്രമത്തിന്റെ ഭീകരമുഖം പഴയ ബര്‍മ്മയിലെ പ്രമുഖ പണ്ഡിതന്‍ മുഹമ്മദ്‌ നൂറുദ്ദീന്‍ വ്യക്തമാക്കുന്നത്‌ കാണുക: ബര്‍മ്മിസ്‌ മുസ്‌ലിംകള്‍ ഒരു ആപല്‍സന്ധിയിലകപ്പെട്ടിട്ട്‌ ദശകങ്ങളേറെയായി. ലോക മുസ്‌ലിംകള്‍ ഞങ്ങളുടെ കഷ്‌ടപ്പാടുകള്‍ അറിഞ്ഞില്ലെന്ന്‌ നടിക്കുകയാണ്‌. ഇസ്‌ലാമിക ശരിഅത്തനുസരിച്ച്‌ ജീവിക്കുന്നത്‌ ബര്‍മ്മയില്‍ തടയപ്പെടുന്നു. അതിവിദൂരമല്ലാത്ത ഭാവിയില്‍ ഇസ്‌ലാം ബര്‍മ്മയില്‍നിന്നും പിഴുതെറിയപ്പെടുമോയെന്ന ഭയത്തിലാണ്‌ ഞങ്ങള്‍. അതിന്‌ മുമ്പ്‌ ലോക മുസ്‌ലിംകളുടെ സഹായഹസ്‌തം ബര്‍മ്മയിലേക്ക്‌ നീളേണ്ടിയിരിക്കുന്നു. 1995 കാലങ്ങളിലെ അതിക്രമത്തെതുടര്‍ന്ന്‌ പറഞ്ഞ ഈ വാക്കുകള്‍ ഇന്നും റോഹിങ്ക്യാ മുസ്‌ലിംകളുടെ വിഷയത്തില്‍ ശരിയായി തുടരുകയാണ്‌.

ചുരുക്കത്തില്‍ മ്യാന്‍മറിലെ മുസ്‌ലിംകള്‍ ഒരു ആപത്ത്‌ സന്ധിയിലൂടെയാണ്‌ കടന്നുപോവുന്നത്‌. വിശിഷ്യാ റോഹിങ്ക്യാ മുസ്‌ലിംകള്‍. ഐക്യരാഷ്‌ട്ര സഭയും ആംനസ്റ്റി ഇന്റര്‍നാഷണലും മറ്റു മനുഷ്യാവകാശ സംഘടനകളൊക്കെ അപലിപിക്കുന്ന രീതിയിലേക്ക്‌ കാര്യങ്ങളെത്തിയിരിക്കുന്നു. ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന അതിക്രമത്തില്‍നിന്നും റോഹിങ്ക്യ മുസ്‌ലിംകളടക്കമുള്ളവര്‍ക്ക്‌ സംരക്ഷണമേര്‍പ്പെടുത്തേണ്ടത്‌ അനിവാര്യമാണ്‌. ആഗോള സമൂഹത്തിന്റെ ആവശ്യത്തെ അവഗണിച്ച്‌ മുന്നോട്ട്‌ പോവുന്നത്‌ മ്യാന്‍മറിന്‌ ഭൂഷണമാവില്ല. വിവിധ വര്‍ഗസമൂഹങ്ങള്‍കൊണ്ട്‌ തിങ്ങിനിറഞ്ഞ മ്യാന്‍മാറില്‍ മുസ്‌ലിംകളുടെ ജീവിതം കൂടി സുഖകരമാവുമ്പോള്‍ മാത്രമേ ആ രാജ്യത്തിന്റെ അന്തസ്സ്‌ നിലനില്‍ക്കുകയുള്ളൂ.