എം.പി വീരേന്ദ്രകുമാര്‍ / അന്‍വര്‍സ്വാദിഖ്
`1992 ഡിസംബര്‍ 6 ഇന്ത്യാചരിത്രത്തിലെ എന്നല്ല ലോക ചരിത്രത്തിലെ തന്നെ ശപിക്കപ്പെട്ട, ഇരുണ്ട ദിനമാണ് - അപമാനമേറ്റ ഭാരതീയന് ലോകത്തിനു മുമ്പില്‍ ലജ്ജിച്ചു തലതാഴ്‌ത്തേണ്ടിവന്ന - ദുര്‍ദിനം'. താങ്കളുടെ ഏറ്റവും ശ്രദ്ധേയമായ രാമന്റെ ദു:ഖം എന്ന പുസ്‌തകത്തില്‍ പരാമര്‍ശിക്കപ്പെട്ട ആ ദുര്‍ദിനത്തിനിപ്പോള്‍ രണ്ടുദശകം തികയുകയാണല്ലോ. ഈ രണ്ടുപതിറ്റാണ്ടിനിടയില്‍ ഇന്ത്യയുടെ മതേതരാന്തരീക്ഷത്തില്‍ സംഭവിച്ച മാറ്റങ്ങളെന്തൊക്കെയാണ്?
ബാബരി മസ്‌ജിദിന്റെ തകര്‍ച്ച പോസിറ്റീവും നെഗറ്റീവുമായ ഒരുപാട് മാറ്റങ്ങള്‍ രാജ്യത്തുണ്ടാക്കിയിട്ടണ്ട്. ഓരോവിഭാഗത്തിലും സ്വന്തമായ ഒരു ഐഡന്റിറ്റിക്കു വേണ്ടിയുള്ള ശ്രമങ്ങളുണ്ടായി എന്നതാണ് അതില്‍ പ്രധാനം. മുമ്പ് അങ്ങനെയുണ്ടായിരുന്നില്ല. പരസ്‌പരം കൂടികലര്‍ന്ന ഒരു അവസ്ഥയായിരുന്നു അന്ന്. അതില്‍ നിന്നു മാറി ഹിന്ദുക്കളും മുസ്‌ലിംകളുമെല്ലാം ഓരോ ഐഡന്റിറ്റിയിലേക്ക് മാറുന്ന സാഹചര്യം സൃഷ്‌ടിച്ചത് ബാബറി മസ്‌ജിദിന്റെ തകര്‍ച്ചയോടെ ശക്തിപ്രാപിച്ച ഹിന്ദുത്വ തീവ്രവാദമാണ്. അതില്‍ അരക്ഷിതാവസ്ഥ അനുഭവപ്പെട്ട മുസ്‌ലിംകളും ഒരു ഐഡന്റിറ്റിലേക്ക് പോവുകയായിരുന്നു. പക്ഷേ, ഇവിടെ ആശ്വാസ കരമായമായ മറ്റൊരു കാര്യം കൂടിയുണ്ട്. ഹിന്ദുമതത്തിന്റെ പേരില്‍ ഇത്രയൊക്കെ കളിച്ചിട്ടും മഹാഭൂരിപക്ഷം ഹൈന്ദവരെയും സ്വാധീനിക്കാന്‍ ഹിന്ദുത്വ തീവ്രവാദത്തിനായിട്ടില്ല. അതൊരു പ്ലസ് പോയിന്റാണ്. ബാബരി മസ്‌ജിദ് തകര്‍ത്തവരോടൊപ്പമല്ല ഇന്ത്യയിലെ മഹാഭൂരിപക്ഷം ഹിന്ദുക്കളും എന്നാണതിനര്‍ത്ഥം.
ഉല്‍പതിഷ്‌ണുക്കളും യാഥാസ്ഥിതികരും തമ്മിലുള്ള പോരാട്ടം ഇന്ത്യയുടെ ചരിത്രത്തില്‍ എന്നുമുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് ഇന്ത്യാ-പാക് വിഭജനം. അതിനുത്തരവാദികള്‍ മുസ്‌ലിം ലീഗ് മാത്രമല്ല. ഹിന്ദുക്കളും മുസ്‌ലിംകളും രണ്ട് സമൂഹവും അതുകൊണ്ട് രണ്ട് രാഷ്‌ട്രവുമാണെന്ന് ആദ്യം പറഞ്ഞത് ഹിന്ദുമഹാസഭയാണ്. വിഭജനത്തിന്റെ ഉത്തരവാദി ജിന്നയും ലീഗുമാണെന്നു ചിലര്‍ പറയാറുണ്ട്. അത് ശരിയല്ല. രണ്ട് രാഷ്‌ട്രമാണെന്നു ആദ്യം വാദിച്ച ഹിന്ദുമഹാ സഭക്കാണ് അതിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വം. അതിന്റെ പ്രതികരണമാണ് പിന്നീട് ജിന്നയില്‍ നിന്നുണ്ടായത്. അതോടെ വിഭജന വിഷയത്തില്‍ രണ്ടുമതവിഭാഗങ്ങളിലെയും യാഥാസ്ഥിതികര്‍ ജയിക്കുകയും ഉല്‍പതിഷ്‌ണുക്കള്‍ പരാജയപ്പെടുകയുമായിരുന്നു. ഗാന്ധിജിയും മൗലാനാ ആസാദുമൊക്കെ തോല്‍ക്കുകയും ജിന്നയും ഗോള്‍വാള്‍ക്കറും ജയിക്കുകയും ചെയ്‌തു.
ബാബറി മസ്‌ജിദ് പ്രശ്‌നം ഒരിക്കലും ഒരു കമ്യൂണല്‍ ഇഷ്യു ആകാന്‍ പാടില്ലായിരുന്നു. ഏതൊരു ആരാധനാലയവും തകര്‍ക്കുന്നത് തെറ്റാണെന്ന് എല്ലാവരും അംഗീകരിക്കുന്നു. ആരുടെ പള്ളിയാണെന്നും അമ്പലമാണെന്നും നോക്കിയിട്ടല്ല അത്. ബാബറി മസ്‌ജിദ് തകര്‍ത്തത് ഹൈന്ദവരിലെ ചിലരുടെ വികാര പ്രകടനം മാത്രമായി കണ്ടുകൂടാ. അയോധ്യക്കാര്‍ യഥാര്‍ത്ഥത്തില്‍ ആ വിഷയത്തില്‍ നിരപരാധികളാണ്. ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ പ്രകടിത ഭാവങ്ങളെല്ലാം ഒത്തുകൂടിയ ഒരു സ്ഥലമാണ് വാസ്‌തവത്തില്‍ അയോധ്യ. അതിനെയാണ് രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പിന്റെ പ്രതീകമായി ചിത്രീകരിക്കപ്പെടുന്നത്. അയോധ്യയില്‍ ഇന്നോളം ഒരു ബി.ജെ.പി സ്ഥാനാര്‍ഥി വിജയിച്ചിട്ടില്ലല്ലോ. കുറച്ചുമുമ്പ് ഞാനവിടെ പോയിരുന്നു. വര്‍ഗീയ വികാരം അവിടെ നിറഞ്ഞു നില്‍ക്കുന്നതായി തോന്നിയിട്ടില്ല. അവിടങ്ങളിലെ പല ക്ഷേത്രങ്ങളിലും പൂക്കള്‍ വില്‍ക്കുന്നത് മുസ്‌ലിം സ്‌ത്രീകളാണ്. തുളസീദാസിന്റെ രാമചരിതമാനസമാണ് അവിടെ എല്ലാവരും വായിക്കാറുള്ളത്. അദ്ദേഹത്തിനു ജാതിഭ്രഷ്‌ട് കല്‍പ്പിച്ചതും വഴിനടക്കാന്‍ അനുവദിക്കാതിരുന്നതും അന്നം കൊടുക്കാതെ കഷ്‌ടപ്പെടുത്തയതും ഹിന്ദുക്കളിലെ ജാതീയതയാണ്. അന്ന് അദ്ദേഹത്തിനു ഭക്ഷണം കൊടുക്കാനും മറ്റും ഉണ്ടായിരുന്നത് മുസ്‌ലിംകളായിരുന്നു. അതിന്റെ തുടര്‍ച്ചയിലാണ് ഇന്നും അയോധ്യ.
ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പേരുപറഞ്ഞു ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വേട്ടയാടുന്ന പ്രവണത ശക്തിപ്രാപിച്ചത് കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കിടയിലാണ്?
എന്തെങ്കിലും ഒരു സംഭവമുണ്ടാകുമ്പോഴേക്ക് അതിനു പിന്നില്‍ മുസ്‌ലിംകളാണെന്ന് ആരോപിച്ചു അവരെ വേട്ടയാടുന്ന കാഴ്‌ച ഇപ്പോള്‍ വ്യാപകമാണ്. യഥാര്‍ത്ഥത്തില്‍ തീവ്രവാദത്തിന് ഇസ്‌ലാമെന്നോ ഹിന്ദുവെന്നോ ഇല്ല. ആരു ഭീകരപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിതിരിച്ചാലും അവന്‍ ഭീകരവാദിയാണ്. അതിനെ ഒരു പ്രത്യേക മതവുമായി കൂട്ടിക്കെട്ടേണ്ടതില്ല. ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരില്‍ എല്ലാ മതാനുയായികളെയും കാണാം. ഉദാഹരണത്തിനു ശ്രീലങ്ക. അവിടെ തമിഴരും ബൗദ്ധരും തമ്മിലാണ് പോരാട്ടം. അതിനെ ആരും ഹൈന്ദവ ഭീകരതയെന്നോ ബൗദ്ധ ഭീകരതയെന്നോ വിളിക്കാറില്ല. അയര്‍ലന്റില്‍ കൃസ്‌ത്യാനികള്‍ തമ്മിലാണ്. ഇസ്‌ലാം ഭീകരത എന്ന വാക്കുതന്നെ അമേരിക്കന്‍ സൃഷ്‌ടിയാണ്. ഇറാഖില്‍ അമേരിക്കയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ തദ്ദേശീയര്‍ ഇറങ്ങിയപ്പോള്‍ അവരെയാണ് അമേരിക്കക്കാര്‍ ഭീകരര്‍ എന്നു വിളിച്ചത്. അക്രമി ലിബറേറ്ററും ഇര ഭീകരനും! ലോക ചരിത്രം അങ്ങനെയെല്ലാം മാറിയാല്‍ അതിനെ എങ്ങനെ ന്യായീകരിക്കാനാകും?
ഭീകരതയെ ഏതെങ്കിലും ഒരു വിഭാഗത്തോട് ചേര്‍ത്തു പറയുകയാണെങ്കില്‍ ഇസ്രയോലി ഭീകരത എന്നു പറയുന്നതാകും നന്നാവുക. ഇപ്പോള്‍ ഗസ്സയില്‍ അവര്‍ നടത്തുന്നത് എല്ലാവരും കാണുന്നുണ്ടല്ലോ. ഫലസ്‌തീന്‍ എന്നും ജൂതന്മാര്‍ക്ക് അഭയം നല്‍കിയ നാടാണ്. അമേരിക്കയും ഇസ്രയേലുമൊക്കെ ചേര്‍ന്ന് അഭയം നല്‍കിയവരെ അഭയാര്‍ത്ഥികളാക്കി മാറ്റുകയായിരുന്നു. ജൂതന്മാരെ കൊന്നൊടുക്കിയത് ഹിറ്റ്‌ലറാണ്. ചരിത്രത്തിലെവിടെയും മുസ്‌ലിംകള്‍ അവര്‍ക്കെതിരെ പോരാട്ടത്തിനിറങ്ങിയിട്ടില്ല. ഓട്ടോമന്‍ എംബയിറിന്റെ മുഴുവന്‍ ചരിത്രവും ഞാന്‍ വായിച്ചിട്ടുണ്ട്. അതിലെവിടെയും ജൂതന്മാര്‍ക്കെതിരെ മുസ്‌ലിംകള്‍ രംഗത്തിറങ്ങിയത് കാണാനാവില്ല. കൃസ്‌ത്യന്‍ - മുസ്‌ലിം പോരാട്ടങ്ങളുണ്ടായിട്ടുണ്ട്. കുരിശുയുദ്ധങ്ങള്‍ അതാണ്. അതിലും ജൂതന്മാര്‍ക്ക് അഭയം നല്‍കിയവരാണ് മുസ്‌ലിംകള്‍. അങ്ങനെ എല്ലാ നിലയിലും അഭയം നല്‍കിയവരെ അഭയാര്‍ത്ഥികളാക്കി മാറ്റിയ ക്രൂരവിനോദമാണ് ഫലസ്‌തീനില്‍ കാണുന്നത്. ഇപ്പോള്‍ ഗസ്സയില്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന നരവേട്ടയെ പോലും ന്യായീകരിക്കുകയാണ് അമേരിക്ക. ഇസ്രയേലിനു സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന മുടന്തന്‍ ന്യായമാണ് അമേരിക്ക ഉയര്‍ത്തുന്നത്. യഥാര്‍ത്ഥത്തില്‍ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഫലസ്‌തീനികളുടേതാണ്. ഇസ്രയേല്‍ അവിടെ കടന്നു കയറിയവനാണ്.
യൂറോപ്പിലുണ്ടായ നവോത്ഥാനത്തില്‍ ഇസ്‌ലാമും മുസ്‌ലിംകളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഞാന്‍ അതേകുറിച്ച് നല്ലൊരു പഠനം തന്നെ തയാറാക്കി പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഇതൊന്നും ആരും ഉയര്‍ത്തിക്കാണിക്കുന്നില്ല. എല്ലാവര്‍ക്കും പറയാനുള്ളത് ഇവര്‍ ഭീകരവാദികളാണെന്നു മാത്രമാണ്!
ഫാഷിസവും മുതലാളിത്ത കോര്‍പറേറ്റുകളും കൈകോര്‍ത്തു പിടിച്ചു വേട്ടക്കിറങ്ങുന്ന കാഴ്‌ചകളും ഇപ്പോള്‍ വ്യാപകമാണ്?
ഇറ്റലിയില്‍ ഫാഷിസം രംഗപ്രവേശം ചെയ്‌തപ്പോള്‍ അതിനെ ആരെല്ലാം പിന്തുണച്ചുവോ അവരെല്ലാം മുതലാളിത്വത്തെയും പിന്തുണച്ചിട്ടുണ്ട്. ഫാഷിസം വന്നത് മുതലാളിത്വത്തെ സപ്പോര്‍ട്ട് ചെയ്യുവാനാണ്. അതിനെതിരെ വന്ന കമ്യൂണിസം ഫാഷിസ്റ്റ് ചിന്തയിലേക്ക് പോയില്ലെങ്കിലും ഭരണകൂട ഭീകരതയിലേക്ക് തിരിയുകയായിരുന്നു. കോര്‍പറേറ്റുകളുടെ സംരക്ഷണത്തിനു വേണ്ടിയാണ് ഇന്നു ഫാഷിസം പ്രവര്‍ത്തിക്കുന്നത്. ജനകീയ സമരങ്ങളെ അടിച്ചൊതുക്കുന്നതും അവരുടെ അടിസ്ഥാന അവകാശങ്ങളെ നിഷേധിക്കുന്നതും മറ്റും കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ്.
ബാബരീ ദുരന്തത്തിനു ശേഷം മതേതര ഇന്ത്യയെ പിടിച്ചുലച്ച സംഭവമായിരുന്നു ഗുജ്‌റാത്ത് വംശഹത്യ. അതിനു നേതൃത്വം നല്‍കിയവര്‍ തന്നെ അവിടെ വീണ്ടും വീണ്ടും അധികാരത്തിലെത്തുന്നത് രാജ്യത്തിന്റെ മതേതര അന്തരീക്ഷം കലുഷിതമാണെന്നതിന്റെ വ്യക്തമായ സൂചനയല്ലേ?
നേരത്തെ സൂചിപ്പിച്ചതുപോലെ കോര്‍പറേറ്റുകളുടെ പിന്തുണയിലാണ് ഗുജ്‌റാത്ത് വംശഹത്യക്കു നേതൃത്വം നല്‍കിയവര്‍ അവിടെ പിന്നെയും അധികാരത്തിലെത്തുന്നത്. വികസനത്തിന്റെ കുമിളകള്‍ കാണിച്ചു ബാക്കിയുള്ളതിനെ മുഴുവന്‍ മറച്ചുവെക്കുകയാണവര്‍. വികസനമെന്നു കേള്‍ക്കുമ്പോള്‍ ജനം എല്ലാം മറക്കും. അതോടെ വംശഹത്യയൊന്നും ഒരു വിഷയമല്ലാതാകും. എന്ത് ഹത്യ നടന്നാലും തങ്ങളുടെ മൂലധനം സുരക്ഷിതമാകണമെന്ന ചിന്തയായിരിക്കും പിന്നെ അവിടെ. മനുഷ്യരുടെ സുരക്ഷക്കു പകരം മൂലധനത്തിന്റെ സുരക്ഷയായിരിക്കും അത്തരം ഘട്ടങ്ങളില്‍ പ്രധാനം. ദേശീയ തലത്തില്‍ ശ്രദ്ധേയരായ ആളുകള്‍ പോലും ഗുജ്‌റാത്ത് മോഡലിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ആ മോഡല്‍ മറ്റൊരുത്തനെ കൊല്ലുകയും മൂലധനം സുരക്ഷിതമാക്കുകയും ചെയ്യുകയാണെന്ന് അവര്‍ പറയുന്നില്ല. അവര്‍ക്ക് പണമാണ് വലുത്; മനുഷ്യനല്ല. വംശ ഹത്യകള്‍ നിസ്സാരമാവുകയും മൂലധന സംരക്ഷണം പ്രധാനമാകുകയും ചെയ്യുന്ന ഗുരുതരമായ വെല്ലുവിളിയാണ് ഗുജ്‌റാത്ത് ഉയര്‍ത്തുന്നത്. അതിനു പിന്നിലെല്ലാം ടാറ്റാ അടക്കമുള്ള കോര്‍പറേറ്റുകളാണ്.
ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉയിര്‍ത്തെഴുനേല്‍പ്പ് ലക്ഷ്യം വെച്ചുകൊണ്ടുകൊണ്ട് കുറേ അന്വേഷണ കമ്മീഷനുകളും സംവരണ സംവിധാനങ്ങളും രാജ്യത്തുണ്ടായി. എന്നിട്ടും പിന്നാക്ക വിഭാഗങ്ങള്‍ പിന്നാക്കം തന്നെ നല്‍ക്കുന്നു. എന്തുകൊണ്ടാണിത്?
പഴയപോലെ പൂര്‍ണമായും പിന്നാക്കത്തില്‍ തന്നെയാണെന്നു പറയാനാകില്ല. ഒരുപാട് മുന്നേറി. മായാവതിയെപോലെ ഒരു പിന്നാക്കകാരി സ്വന്തമായി അധികാരത്തിലെത്തുന്നയിടം വരെ കാര്യങ്ങള്‍ എത്തിയില്ലേ. പിന്നെ, സംവരണം എന്നത് യഥാര്‍ത്ഥത്തില്‍ സാമ്പത്തിക സംവിധാനങ്ങളുമായി ബന്ധപ്പെടുത്തേണ്ട ഒന്നല്ല. സാമൂഹികവും സാംസ്‌കാരികവുമായ പ്രശ്‌നങ്ങളാണ് സംവരണത്തെ പ്രസക്തമാക്കുന്നത്. ഉദാഹരത്തിനു നമ്പൂതിരി വിഭാഗത്തില്‍പെട്ട ഒരാള്‍. അവനെത്ര പാവപ്പെട്ടവനാണെങ്കിലും അവനു കിട്ടുന്ന അംഗീകാരം എത്ര വലിയ പണക്കാരനായിരുന്നാലും ഒരു താഴ്‌ന്ന ജാതിക്കാരനു ലഭിക്കുകയില്ല. അവന്‍ സാമൂഹികമായി പിന്തള്ളപ്പെട്ടവനാണ്. അതുകൊണ്ടാണ് വരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല; സാമുദായികാടിസ്ഥാനത്തിലാണ് സംവരണം വേണ്ടതെന്നു പറയുന്നത്. ഇത് മനസ്സിലാക്കാതെയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളടക്കം സാമ്പത്തിക സംവരണത്തിനു വേണ്ടി വാദിക്കുന്നത്. അത് ഒരിക്കലും അംഗീകരിക്കാനാവില്ല.
ഇപ്പോള്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന നിയമനിര്‍മാണ സഭയിലെ വനിതാസംവരണ വിഷയമെടുത്തു നോക്കൂ. അത് നേരത്തെ നിര്‍ദേശിക്കപ്പെട്ട രീതിയില്‍ പാസ്സായാല്‍ സംവരണത്തിന്റെ ആനുകൂല്യം ഉപയോഗിച്ച് അധികാരത്തില്‍ വരുന്നത് മുഴുവന്‍ ഐ.എ.എസ് കാരുടെയും ഐ.പി.എസ് കാരുടെയും മറ്റു സവര്‍ണ നേതാക്കളുടെയും ഭാര്യമാരും മക്കളുമായിരിക്കും. പിന്നാക്ക ജാതിക്കാരും ന്യൂനപക്ഷങ്ങളും പാടെ അവഗണിക്കപ്പെടും. അതുകൊണ്ടാണ് സംവരണത്തില്‍ പിന്നാക്ക-ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കഴിയണമെന്ന് മുലായം സിംഗിനെ പോലുള്ളവര്‍ വാദിക്കുന്നത്. ഈ വിഷയത്തില്‍ ഞാന്‍ അദ്ദേഹത്തോടൊപ്പമാണ്.
സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നു പതുക്കെ മാറുകയും പ്രൈവറ്റ് സ്ഥാപനങ്ങള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്ന സാഹചര്യമാണിപ്പോള്‍. അതുകൊണ്ടുതന്നെ അത്തരം സ്വകാര്യ സ്ഥാപനങ്ങളിലും സംവരണം വേണമെന്ന വാദം ന്യായമാണല്ലോ. എന്നിട്ടും എന്തുകൊണ്ട് അതിവേണ്ടി ശബ്‌ദങ്ങളുയരുന്നില്ല?
ശബ്‌ദങ്ങളൊക്കെ ഉയരുന്നുണ്ട്. പക്ഷേ, പ്രതീക്ഷിച്ചതുപോലെ ശ്രദ്ധേയമാകുന്നില്ല. അതുണ്ടാകണമെങ്കില്‍ സോഷ്യല്‍ മൂവ്‌മെന്റുകള്‍ രംഗത്തു വന്നു സമരം ചെയ്യണം. അപ്പോള്‍ രാഷ്‌ട്രീയക്കാര്‍ ഏറ്റെടുക്കുകയും ഫലംകാണുകയും ചെയ്യും. സോഷ്യല്‍ മൂവ്‌മെന്റുകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളാണ് പൊളിറ്റിക്കല്‍ ലീഡേഴ്‌സിനെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നത്. അങ്ങനെ ഒരു സോഷ്യല്‍ മൂവ്‌മെന്റ് ഈ വിഷയത്തിലും ഉണ്ടാകണമെന്നാണ് എന്റെ അഭിപ്രായം.
അടുത്തിടെ കേരളത്തില്‍ നിറഞ്ഞു നിന്ന ഒരു വിഷയമാണ് അഞ്ചാം മന്ത്രി വിവാദം. അത് കേരളത്തിന്റെ സാമുദായിക ഘടനയെ എങ്ങനെയാണ് ബാധിച്ചത്?
ഇവിടെ മുഴുവന്‍ മന്ത്രിമാരും ഹിന്ദുക്കളായിരുന്നെങ്കില്‍ ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാകുമായിരുന്നില്ലല്ലോ. അഞ്ച് മുസ്‌ലിം മന്ത്രിമാരുണ്ടായപ്പോള്‍ മാത്രം എന്താണിത്ര പ്രശ്‌നം? ലീഗിനെ വേണമെങ്കില്‍ വിമര്‍ശിക്കാം. പക്ഷേ, അതെല്ലാം മുസ്‌ലിംകളുടെ പേരില്‍ വെച്ചുകെട്ടുന്നതിന്റെ അര്‍ത്ഥമെന്താണ്?
മാതൃഭൂമി പത്രത്തിന്റെ മേധാവി കൂടിയാണല്ലോ താങ്കള്‍. ഒരു കാലത്ത് ദേശീയ-ജനകീയ ശബ്‌ദമായിരുന്ന മാതൃഭൂമി ഇപ്പോള്‍ ഒരു സവര്‍ണ - മുതലാളിത്ത പാതയിലാണെന്നു വിമര്‍ശമുണ്ട്?
നിങ്ങള്‍ക്ക് മാതൃഭൂമിയെടുത്ത് പരിശോധിക്കാം. ഇടതുപക്ഷത്തെ കുറിച്ച് ഏറ്റവും കൂടുതല്‍ വാര്‍ത്ത വരുന്ന പാര്‍ട്ടി ഇതര പത്രം മാതൃഭൂമിയാണ്. ബാബരീ മസ്‌ജിദ് പ്രശ്‌നമുണ്ടായപ്പോള്‍ ഒന്നാം പേജില്‍ മുഖപ്രസംഗം എഴുതിയ പത്രങ്ങള്‍ ഹിന്ദുവും മാതൃഭൂമിയും മാത്രമാണ്. ഇസ്രയേലിനെതിരെ നന്നായി റിപ്പോര്‍ട്ട് കൊടുക്കുന്നത് മാതൃഭൂമിയാണ്. അത് ഇസ്രയേലിനു അനുകൂലമല്ല. ന്യൂനപക്ഷ വിരുദ്ധമല്ല. അപ്പോള്‍ അടിസ്ഥാനപരമായി യാതൊരു മാറ്റവും മാതൃഭൂമിയില്‍ ഉണ്ടായിട്ടില്ല. ഞാനൊരു പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ടാണ്. പക്ഷേ, ആ പാര്‍ട്ടിയുടെ പോളിസിയൊന്നും മാതൃഭൂമിക്കില്ല.
ന്യൂനപക്ഷ വിരുദ്ധമല്ലെന്ന് പറയുമ്പോഴും പല വിഷയങ്ങളിലും - ഉദാഹരണത്തിനു ലൗ ജിഹാദ് - മാതൃഭൂമി ന്യൂനപക്ഷ വിരുദ്ധതയാണ് വിളമ്പിയത്?
ലൗ ജിഹാദ് പോലുള്ള വിഷയങ്ങളില്‍ ന്യൂസ് കൊടുത്തിട്ടുണ്ടാകാം. മാതൃഭൂമിയുടെ അഭിപ്രായം എന്നു പറയുന്നത് അതിന്റെ മുഖപ്രസംഗമാണ്. ലൗ ജിഹാദ് പ്രശ്‌നത്തില്‍ ഞങ്ങള്‍ മുഖപ്രസംഗമൊന്നും എഴുതിയിട്ടില്ല.
മുഖപ്രസംഗത്തിലൂടെ മാത്രമല്ലല്ലോ ഒരു പത്രം വായനക്കാരനുമായി സംവദിക്കുന്നത്?
ലൗ ജിഹാദിനൊന്നും ഞങ്ങള്‍ വലിയ പ്രാധാന്യം കൊടുത്തിട്ടില്ല. ഏതെങ്കിലും സംഭവങ്ങള്‍ ഉദ്ധരിക്കുകയും അല്ലറ ചില്ലറ റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്‌തിട്ടുണ്ടാകാം. ഗുജ്‌റാത്ത് വംശഹത്യക്കും മോഡിയുടെ പൊളിറ്റിക്‌സിനുമെതിരെ ഏറ്റവും കൂടുതല്‍ ശബ്‌ദിച്ചത് മാതൃഭൂമിയാണ്.
ഇന്നു നാം നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് മാധ്യമ വിചാരണ. ഒരു കേസില്‍ കോടതി വിധി പറയും മുമ്പേ മാധ്യമങ്ങള്‍ ടോര്‍ച്ചടിക്കുകയും തീര്‍പ്പുകല്‍പ്പിക്കുകയുമാണ്. അതിന്റെ വലിയൊരു ഇരയാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ജയില്‍ മോചിതനായ നമ്പിനാരായണന്‍. പിണറായിയും കുഞ്ഞാലിക്കുട്ടിയുമെല്ലാം ഈ മാധ്യമ വിചാരണയുടെ രാഷ്‌ട്രീയ ഇരകളാണ്. എന്തുകൊണ്ടാണ് ഇങ്ങനെയുള്ള നേതാക്കളും പ്രതിഭകളും മാധ്യമങ്ങളാല്‍ നിരന്തരം വേട്ടയാടപ്പെടുന്നത്?
പ്രിന്റ് മീഡിയകളല്ല; ദൃശ്യമാധ്യമങ്ങളാണ് കാര്യമായും ഇത്തരം വിചാരണയുടെ അധിപന്മാര്‍. പിണറായി വിജയനെ കുറിച്ച് പറഞ്ഞു. പത്രങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം എന്താണ്? അയാള്‍ ഉപയോഗിക്കുന്ന വാക്കുകളെന്താണ്? ഒരു ബിഷപ്പിനെ കുറിച്ച് നികൃഷ്‌ട ജീവി എന്നാണ് അദ്ദേഹം ഉപയോഗിച്ചത്. ടി.പി ചന്ദശേഖര്‍ മരിച്ചതിനു ശേഷമാണ് കുലംകുത്തി എന്ന് അദ്ദേഹത്തെ വിളിച്ചത്. അങ്ങനെ ആരെങ്കിലും പറയുമോ? അതിന്റെയൊക്കെ പ്രതിഫലനങ്ങള്‍ മാധ്യമങ്ങളില്‍ വന്നിട്ടുണ്ടാകാം. കുഞ്ഞാലിക്കുട്ടി അനാവശ്യമായി തേജോവധം ചെയ്യപ്പെട്ട വ്യക്തി തന്നെയാണ്. സെന്‍സേഷനിസമാണ് അതിനു പിന്നില്‍. ബ്രൈക്കിംങ് ന്യൂസ്, ഫ്‌ളാഷ് ന്യൂസ് എന്നൊക്ക പറഞ്ഞു ഓരോന്നു വരണമെങ്കില്‍ ഇങ്ങനെ വല്ലതും അവര്‍ക്കു വേണമല്ലോ. ആഗോളവത്‌കരണത്തിന്റെ ഭാഗമായി വന്ന കോമ്പറ്റീഷനും മറ്റും ഇത്തരം കാര്യങ്ങളില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.
ദൃശ്യമാധ്യമങ്ങള്‍ വരുന്നതിനു മുമ്പാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസ്. എന്നിട്ടും നമ്പിനാരായണന്‍ ഉള്‍പ്പെടെയുള്ളവരെ മാധ്യമങ്ങള്‍ വേട്ടയാടി?
വാസ്‌തവത്തില്‍ അതിന്റെ ഗൂഢാലോചനകള്‍ ഉണ്ടായത് പത്രങ്ങളിലായിരുന്നില്ല. വേറെ കുറേ സ്ഥലങ്ങളിലാണ്. അതിന്റെ ന്യൂസ് കുറേ പത്രങ്ങളില്‍ വരികയായിരുന്നു.
മാധ്യമ വേട്ടയുടെ മറ്റൊരു ഇരയാണ് അബ്ദുന്നാസിര്‍ മഅ്‌ദനി. കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന്‍ വേളയില്‍ അദ്ദേഹം പിണറായി വിജയനോടൊപ്പം ഇരിക്കുന്നത് ഉയര്‍ത്തിക്കാട്ടി മതേതരത്വത്തെ ഇടതുപക്ഷം കളങ്കപ്പെടുത്തി എന്ന് വരുത്തി തീര്‍ക്കുകയായിരുന്നു നമ്മുടെ മാധ്യമങ്ങള്‍. രണ്ട് രാഷ്‌ട്രീയ നേതാക്കള്‍ വേദി പങ്കിട്ടതിനെ ഇങ്ങനെ തെറ്റിദ്ധരിച്ചതിനു പിന്നിലാരാണ്?
കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍, പൊന്നാനി സീറ്റ് കൈ വശം വെച്ചിരുന്ന സി.പി.ഐ യെ അവഗണിച്ചുകൊണ്ടാണ് മഅ്‌ദനിയുമായി സി.പി. എം ധാരണയിലെത്തിയത്. കൂടെയുള്ളവരെ മാറ്റി നിര്‍ത്തി പുതിയൊരാളുമായി കൂട്ടുകൂടുമ്പോള്‍ അതിന്റെ റിയാക്ഷന്‍ വരുമല്ലോ. മഅ്‌ദനി കോയമ്പത്തൂര്‍ ജയിലില്‍ കിടന്നപ്പോള്‍ പിണറായി വിജയന്‍ മാത്രമായിരുന്നില്ല; നമ്മളൊക്കെ അയാളോടൊപ്പമായിരുന്നു. വാസ്‌തവത്തില്‍ അദ്ദേഹത്തെ പിടിച്ചുകൊടുത്തത് നായനാര്‍ ആണ്. ഇപ്പോഴും അദ്ദേഹത്തെ ജയിലിട്ടിരിക്കുന്നത് ശരിയല്ലെന്ന പക്ഷക്കാരനാണ് ഞാന്‍. ജാമ്യം പോലും നല്‍കാതെ ഒരു മനുഷ്യനെ ഇങ്ങനെ ജയിലിടുന്നത് മനുഷ്യാവകാശ ലംഘനം തന്നെയാണ്. അതിനെതിരെ ഇപ്പോള്‍ മാര്‍കിസ്റ്റ് പാര്‍ട്ടി ഒന്നും പറയുന്നില്ലല്ലോ. മാര്‍കിസ്റ്റ് പാര്‍ട്ടി കൂട്ടുപിടിച്ച മഅ്‌ദനി, ഇപ്പോള്‍ ജയിലായപ്പോള്‍ അതിനെതിരില്‍ എന്തെങ്കിലും ഒരു കാമ്പയിന്‍ സി.പി.എം നടത്തിയോ? ആ കാര്യത്തിലൊക്കെ സി.പി.എം ഇപ്പോള്‍ ഹൈന്ദവ പക്ഷവാദികളായികൊണ്ടിരിക്കുകയാണ്.അടുത്തകാലത്തായി സി.പി.എം ഹിന്ദുത്വ പ്രീണന ശൈലി പിന്തുടരുന്നുണ്ടെന്നാണോ?
അതെ. മാറി മറിഞ്ഞു വരുന്ന രാഷ്‌ട്രീയ സാഹചര്യത്തില്‍ ഒരു ഹിന്ദു ഫീലിങ് ഉണ്ടായിട്ടുണ്ടെന്നു മനസ്സിലാക്കി അത് മുതലെടുക്കാന്‍ ശ്രമിക്കുകയാണവര്‍
No comments:
Post a Comment